ആർക്കിടെക്ച്ചർ ആൻഡ് മ്യൂസിക്
- Shahabaz Aman

- Jun 16, 2020
- 2 min read
Updated: Jul 2, 2020

“EACH NEW SITUATION REQUIRES A NEW ARCHITECTURE “
ഇഷ്ടപ്പെട്ട ഉദ്ധരണികളിലൊന്നാണു!
പുതിയ ലോകസാഹചര്യം വന്നു ചേരുന്നതിനനുസരിച്ച് ആർക്കിടെക്ടുകൾ വരച്ച്ചേർക്കേണ്ട ചില നഗര ചത്വരങ്ങളുണ്ട് ! അത് സംഭവിച്ചില്ലെങ്കിൽ ആ നാട്ടിൽ അക്രമമുണ്ടാകും! പെണ്ണിനും ആണിനും വാക്കുകൾ കൈമാറി ഉറക്കെ പൊട്ടിച്ചിരിക്കുവാനോ അല്ലെങ്കിൽ നുരയുന്ന ഒരു മൗനചഷകത്തിനിരുപുറമിരിക്കാനോ പറ്റിയ ഒരിടം നഗരനിർമ്മിതിയുടെ നടുക്ക് നിങ്ങൾ കണ്ടുപിടിക്കുന്നില്ലെങ്കിൽ പകരം അവിടെ സദാചാരഗുണ്ടകൾ ആയുധവുമായി വന്ന് നിൽക്കും! കോടതിയുടെ സ്ട്രെക്ച്ചർ ഡിസൈൻ ചെയ്യേണ്ടത് ഭരണഘടനയിലെ ലൂപ്പ് ഹോൾ ഉപയോഗിക്കാൻ വക്കീലന്മാർക്ക് കഴിയാത്ത തരത്തിലായിരിക്കണം ! പള്ളി പണിയുന്നത് ഒരു പാട്ടുയർന്ന്പടർന്ന് പുറത്തേക്കൊഴുകാൻ കണക്കായിരിക്കണം! പാവങ്ങൾക്കുറക്കം കിട്ടണം! പുരോഹുതൻ ദുഷ്ടനെങ്കിൽ കാൽ പൊള്ളുന്ന തരത്തിലായിരിക്കണം തറ! പ്രവാസിയുടെ വീട് അവന്റെ നീരുവെച്ച കാലിനു തണുപ്പ് നൽകുന്നതാവണം! ഇതൊക്കെ ആർക്കിടെക്റ്റുകളാണറിയേണ്ടത് !
നോക്കൂ! ഞങ്ങൾ പാടുന്ന ഓരോ പാട്ടിലും നിങ്ങൾക്കു പറ്റിയ ശിൽപചിന്തകളുടെ അനവധി അടരുകളുണ്ട്! ഉദാഹരണത്തിന്, അസ്തമനക്കടലിന്നകലെ എന്ന പാട്ടെടുക്കൂ ! അതിലെ , "പറഞ്ഞാലും തീരാത്ത പ്രേമ രഹസ്യം " എന്ന ഭാഗം കൊണ്ട് നിങ്ങൾക്ക് വേണമെങ്കിൽ എരഞ്ഞിപ്പാലം ബൈപ്പാസിലെ ഇന്നുള്ള കളിപ്പൊയ്ക മാറ്റി ഡിസൈൻ ചെയ്യാം ! " ബച്ച്പൻ കി മുഹോബത്ത് കോ" എന്ന പഴയ പാട്ട് കൊണ്ട് മാനാഞ്ചിറയുടെ ഒരു സൈഡെങ്കിലും മാറ്റിമറിക്കാൻ പറ്റും! ലൈബ്രറിക്ക് നല്ലത് , ''മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു'' എന്ന പാട്ട് തന്നെയാണു !
മലപ്പുറം ജില്ല എടുക്കൂ . " പാടീ ഞാൻ മൂളക്കമാലേ ഒരു പാട്ട് തന്നാലെ" എന്ന പുലിക്കോട്ടിൽ ഹൈദറിന്റെ ഒറ്റ വരി മതിയാകും ആനക്കയം ടൗൺ എങ്ങനെയായിരിക്കണം എന്ന് നിങ്ങൾക്ക് ഭാവനയിൽ കാണാൻ!
''കായലരികത്ത് '' എന്ന പാട്ട് കൊണ്ട് വടകര താഴത്തെ അങ്ങാടി സെറ്റ് ചെയ്തൂടെ ?
“ARCHITECTURE IS FROZEN MUSIC “ എന്ന് പറയുന്നത് എന്ത് കൊണ്ടാണെന്ന് ചിന്തിച്ചാൽ ഒരുപാടൊരുപാട് ഐഡിയകൾ കിട്ടും !
ബിഥോവന്റെ സിംഫണിയുടെ പശ്ചാത്തലത്തിലല്ലാതെ പിന്നെ എങ്ങനെയാണ് വിയന്നയെ ഒരു ആർക്കിടെക്ട് നോക്കിക്കാണേണ്ടത് ? ഇറ്റലിയുടെ തെരുവീഥികളിൽ ഇരുവശത്തും എന്തെങ്കിലും സങ്കല്പിക്കുന്നുണ്ടെങ്കിൽ ഉറപ്പായും അതിനു ഓപ്പറയുടെ സ്വാധീനമുണ്ടാകും .ഉണ്ടാകണം . ശ്രീലങ്കയുടെ കേന്ദ്ര നഗരത്തെ പുനർനിർമ്മിക്കുകയാണെങ്കിൽ രാമായണകഥയാണോ മൂലാധാരമാക്കേണ്ടത് അതോ സ്വർഗഭ്രഷ്ടനായ ആദം ഭൂമിയിൽ ജീവിച്ച സ്ഥലം എന്ന സങ്കല്പമോ അതോ ബുദ്ധകഥകളോ ? എങ്കിൽ ഏതു തരം സംഗീതത്തിന്റെ ഏത് അലകൾ ? ഇങ്ങനെ പറഞ്ഞുപോയാൽ തീരില്ല ! രാജ്യങ്ങൾ എന്നല്ല ,ലോകത്തിന്റെ ഓരോരോ മുക്ക് മൂലകളും ഇപ്പോൾ നിങ്ങളുടെ മനോമുകുരത്തിൽ തെളിയുകയാണ് ! അല്ലെ? കാല്പനികരായ ആർക്കിടെക്ടുകൾ പ്രേമ ഗാനങ്ങളിലൂടെ ചിന്തിക്കുമ്പോൾ നാസ്തികരായ ആർക്കിടെക്ടുകൾക്ക് ശബ്ദത്തിന്റെ വ്യത്യസ്ത ഫ്രീക്വൻസികൾ മതിയാകും ! ഉദാഹരണത്തിന് ന്യൂയോർക്കിൽ ലിയനാർഡ് കൊഹനുള്ള ഒരു സ്മാരകം ബാരിട്ടൺ വോയ്സിന്റെ തരംഗങ്ങൾ മാത്രം പ്രതിധ്വനിപ്പിക്കും വിധത്തിൽ ഉള്ള ഒരു ചെറു മരക്കപ്പലിന്റെ രൂപം ആവാം ! അതിനകത്ത് കയറുന്ന ഒരാൾ ഒന്ന് മുരടനക്കിയാൽ ബാരിറ്റൻ ഫ്രീക്വന്സിയിൽ അത് തിരിച്ച് കേൾക്കാം! ആർക്കിടെക്ച്ചറും മ്യൂസിക്കും തമ്മിലുള്ള ഈ ആലോചനകൾ ഏതു വിധത്തിലും വികസിപ്പിക്കാവുന്നതാണ് ! സംഗീതവും പൈതഗോറസിയൻ സിദ്ധാന്തവും തമ്മിലുള്ള സങ്കീർണ്ണ ബന്ധങ്ങൾ മുതൽക്ക്, എന്തും! ശബ്ദത കൊണ്ടും നിശബ്ദത കൊണ്ടും വരക്കാവുന്ന ചില പ്ലാനുകളെക്കുറിച്ച് സൂചിപ്പിച്ചെന്നു മാത്രം !
ശുഭം !
നിറയേ സ്നേഹം, എല്ലാവരോടും.




Comments