കവർ- ജിബ്രാൻ - നീഷെ
- Shahabaz Aman

- Feb 1, 2021
- 2 min read
Updated: Oct 2, 2023

ഒരു സിനിമക്ക് കവർ വേർഷൻ ഉണ്ടാക്കുക എളുപ്പമല്ല എന്ന് എല്ലാവർക്കുമറിയാം.പാട്ട് അങ്ങനെയല്ല.അതിന്റെ പ്രധാന കാരണം വ്യക്തികേന്ദ്രീകൃത ആലാപനത്തെ (the human vocal folds in singing ) യാണു പ്രധാനമായും നമ്മൾ ഇവിടെ ഒരു പാട്ടായിട്ട് കൂട്ടുന്നത് എന്നതാണു!
പാട്ടിൽ മാത്രമാണോ 'കവർ' ഉള്ളത്? അല്ല. എവിടെ നോക്കിയാലും ഉണ്ട്! ഒരർത്ഥത്തിൽ ജീനുകൾ ഉണ്ടാക്കുന്ന കവർ വേർഷനുകളല്ലേ പുതിയ പുതിയ മനുഷ്യ രൂപങ്ങൾ? ഒരു ന്യൂക്ലിയർ കുടുംബത്തിലേക്ക് നോക്കൂ.അമ്മയുടെയും അച്ചന്റെയും കേടു കഴിഞ്ഞ ഒരു 'കവർ' വേർഷനായാണു ഒരു കുഞ്ഞിനെ ഒറ്റ നോട്ടത്തിൽ തോന്നുക! ചില കേസിൽ ചിലപ്പോൾ തിരിച്ചുമുണ്ടാവാം.ചായയുടെ കവർ വേർഷനാണു പൊടിച്ചായ!
മൂലസൃഷ്ടിയുടെ ഓരം ചാരി ജീവിക്കുന്നതും അത് കവർന്ന് ജീവിക്കുന്നതുമായ കല പുതിയതല്ല. ഡാവിഞ്ചിയുടെ 'മൊണാലിസ'ക്ക് ധാരാളം കള്ളക്കോപ്പികളും മൂലസൃഷ്ടിയെപ്രതി ഒട്ടനവധി പുതിയ ഇന്റർപ്പ്രെട്ടേഷനുകളുമുണ്ട്.ഒറിജിനലിനെക്കുറിച്ച് ഏറ്റവും അന്വേഷണം നടന്ന ഒരു സൃഷ്ടി!.അത് പോലെയാണു ചില കവർ സോങ്ങുകളും! 5 Exambles: Ranjish hi sahi - what a wonderful world- Hotel California- Aj jane ki zid na karo- Uyire uyire
അതേ സമയം “There are no facts only interpretations" എന്ന് നീഷേ പറയും.
ചുരുക്കത്തിൽ എല്ലാ കവറുകളും 'മൂലത്തിൽ നിന്നും'(ഉറവിടം=source ) പുറപ്പെട്ട് പോകുന്നത് നിലവിലുള്ള കുഴലിലൂടെത്തന്നെയാണെന്നത് ഒരു യാഥാർത്ഥ്യമാണു.പക്ഷേ അതു വേറൊരു യാത്ര തന്നെയാണെന്ന് കാണണം ! വഴി എളുപ്പമോ ദുർഘടമോ എന്നത് യാത്രയെ സാധുവോ അസാധുവോ ആക്കാനുള്ള മാനദണ്ഡമല്ല. യാത്ര യാത്രയും വഴി വഴിയും യാത്രികർ യാത്രികരുമാകുന്നു! Single single entities.(തനിത്തനി) യാത്ര-വഴി- യാത്രികർ എന്ന ത്രയത്തിനു തമ്മാമ്മിൽ നിരസിക്കുക എന്നത് സാധ്യമെങ്കിലും പരസ്പരം രസിക്കുക എന്നതാണു കഴിയുമെങ്കിൽ കൂടുതൽ കരണീയം!
വഴി ഉണ്ടായിട്ടാണോ യാത്രികർ ഉണ്ടായത്, അതോ തിരിച്ചാണോ? യാത്ര എന്നത് ഇത് രണ്ടിനും മുൻപേ ഉള്ളതാണോ എന്നൊക്കെ നമുക്കിങ്ങനെ ചോദിച്ച്കൊണ്ടിരിക്കാം എന്ന് മാത്രം.ചോയ്ച്ചോയ്ച്ച് പോവുന്നോർക്ക് അങ്ങനെ പോവാം...അത്രേയുള്ളു..
ഉ'ദാഹ'രണത്തിനു ഒരു പാട്ടെടുക്കാം,(പാട്ടാവുമ്പോൾ ദാഹം മാറാനും നല്ലതാണു) .ഇല്ലാതിരുന്ന ഒരു പാട്ട് ആദ്യം ഉണ്ടാകുന്നു.അത് പിന്നെയും ഉണ്ടാകുന്നു.അതാണു 'കവർ'(?)അത് പിന്നെയും പിന്നെയും ഉണ്ടാകുന്നു! ഉണ്ടായതിനെ ഇല്ലാതാക്കാൻ പറ്റില്ല. ഇല്ലാത്തതിനെ ഉണ്ടാക്കാനും.(either Create or destroy) രൂപ മാറ്റം സംഭവിക്കുന്നേയുള്ളു! അപ്പോൾ ഒരു സാധനം ആദ്യമായി ഉണ്ടായി എന്ന് പറയുന്നതോ? ഒരു പക്ഷേ അത് അവിടെ എവിടെയോ ഉണ്ടായിരുന്നിരിക്കണം ! മനസ്സിലെങ്കിലും (അന്തരീക്ഷത്തിൽ) ഉണ്ടായിട്ടാണു പുറത്തേക്ക് ഉണ്ടാകുന്നത് എന്ന് പറയാം !അപ്പോഴും ഫലത്തിൽ കോപ്പിയോ രൂപമാറ്റമോ തന്നെയാണത്! ഹൽവാക്കഷ്ണം മുറിച്ചെടുക്കുന്നത് പോലെ കിട്ടില്ല; സപ്രൈറ്റ് ആയിട്ട് ഒരു ജനറേഷനെയും; ഒരു സൃഷ്ട്രിയേയും! അവസാനം കോഴിയാണോ കോഴിമുട്ടയാണോ ആദ്യമുണ്ടായത് എന്ന പഴയൊരു പദപ്രശ്നത്തിലേക്ക് തന്നെ നമ്മൾ വീണ്ടും വീണ്ടും എത്തിച്ചേരും!
അങ്ങനെയിരിക്കുമ്പോൾ ജിബ്രാൻ ഇങ്ങനെ പറയും:
"കാമുകീ കാമുകൻമാർ ഉണ്ടാകും മുൻപേ പ്രണയം ഇവിടെ ഉണ്ടായിരുന്നു" ആഹാ! എന്ത് രസാ!
വേണമെങ്കിൽ കമിതാക്കൾക്ക് അത് നിഷേധിക്കാം! പക്ഷേ അത്രയും നല്ല ഒരു quote (ഉദ്ധരണി) നിഷേധിച്ചിട്ട് കിട്ടാനുള്ളതും പ്രണയം തന്നെയല്ലേ 💜
അത് കൊണ്ട്......
അല്ലെങ്കി വേണ്ട.
ഇനി ഈ എഴുത്ത് തുടർന്നാൽ ആവർത്തനം കൊണ്ട് ചിരിയും കളിയുമാവും!പറഞ്ഞത് തന്നെ പറയൽ.
അതിനു മുൻപേ നന്ദി.എല്ലാവരോടും സ്നേഹം...




Comments