top of page
Search

നിന്റെ മാരിവിൽക്കിക്കിന്!

  • Writer: Shahabaz Aman
    Shahabaz Aman
  • Nov 29, 2020
  • 3 min read

ഡീഗോ അർമ്മാന്റോ മറഡോണ എല്ലാ അർത്ഥത്തിലും ഫുട്ബോളിനെ ഒരു പെർഫോമിംഗ്‌ ആർട്ടാക്കി മാറ്റി! ചിത്രകലയിൽ വിൻസന്റെന്ന പോലെയോ ദാലിയെപ്പോലെയോ! സംഗീതത്തിൽ ബൈഥേവൻ!ഇതര കലകളെടുത്താലും അല്ലാത്ത മേഖലയെടുത്താലും ഉണ്ട്‌ തീർച്ചയായും അങ്ങനെ അപൂർവ്വം ചിലർ! എന്നാൽ ജീവിച്ചിരിക്കുമ്പോൾത്തന്നെ സിദ്ധിച്ച പ്രശസ്തിയുടെയും ആരാധനയുടെയും ലെവലും കൂടി കണക്കിലെടുത്താൽ മറഡോണയെപോലെ ഇത്‌ വരെ കമ്പ്ലീറ്റ്‌ ലെവലിൽ വേറെ ആർക്കും ആ മാർക്ക്‌ ടച്ച്‌ ചെയ്യാൻ കഴിഞ്ഞിട്ടില്ല എന്ന് പറഞ്ഞാൽ അത്‌ ഒരു അതിശയോക്തിയേയല്ല. ഒരു പക്ഷേ ഹർബജൻ സിംഗും ശ്രീശാന്തുമൊക്കെ ‌ഉൾപ്പെട്ട ആധുനിക ഫുട്ബോളിതര സ്പോർസ്സിലെ പല സാധാ ചൂടന്മാരെയും സൃഷ്ടിച്ചതിൽ വരെ മറഡോണയുടെ ഹാലോക്കുള്ള പങ്ക്‌ അന്വേഷിക്കപ്പെടേണ്ടതുണ്ട്‌!!


കേവലം ഡ്രിബ്ലിംഗ്‌ പാടവം മാത്രമല്ല മാറഡോണയിൽ പരിഗണനീയമായ കാര്യം.എങ്കിൽ മുള്ളർ, ക്രൈഫ്‌ , മെസ്സി എന്നിവർ 'ദൈവപദവി' മറഡോണക്കൊപ്പം പങ്ക്‌ വെച്ചേനെ!ഉയരക്കുറവോ തടിമിടുക്കോ അതുമല്ല! എങ്കിൽ മറ്റെത്രയോ പേർ വേറെയുമുണ്ട്‌ തൽസ്ഥാനത്തേക്ക്‌.സ്റ്റാമിനയോ എനർജ്ജി ലെവലോ നോക്കിയാലും മറഡോണ രണ്ടാം സ്ഥാനത്തായിപ്പോവേണ്ട ലെവലിൽ ആൾ വേറെയില്ലേ?അതൊന്നുമല്ല! എന്ന് വെച്ചാൽ അങ്ങനെ മൂന്നോ നാലോ അഞ്ചോ ആറോ കാര്യങ്ങളൊന്നുമല്ല മറഡോണയുടെ ഗ്രെയ്സ്‌ മാർക്കുയർത്തുന്നത്‌!ബൂട്ടും സോക്സും ലൈസും ആ ശരീരത്തിൽ നിൽക്കുന്ന വിധം മാത്രമല്ല,ഓരോ ഇഞ്ചിലും ഒരു ഫുട്ബോളറുടെ വന്യസൗന്ദര്യം കാണാമെങ്കിൽ അത്‌ മറഡോണയിൽ മാത്രമാണു!ഒന്നാമത്‌ മറഡോണയുടെ ശരീരത്തോട്‌ ഒട്ടിയാണു ഫുട്ബോൾ ഇരിക്കുന്നത്‌! ഇനി എങ്ങാനും രണ്ടടി ദൂരെയാണെങ്കിൽത്തന്നെ ആ കാലിന്റെ കാന്തികവലയം വിട്ട്‌ പോകാൻ പന്തിനു അവകാശമില്ല.കുതന്ത്രത്തിലൂടെ വെട്ടിയകറ്റിയെങ്കിലല്ലാതെ ആരാലും അതിനു സാധ്യമല്ല! ഗ്രൗണ്ടിൽ ആയിരിക്കുമ്പോൾ ""പത്തോ"" എന്ന് മറഡോണ ഒരു എയ്മില്ലാതെ വീഴുന്നതിനു യാതൊരു തെളിവും ഇതേ വരെയില്ല.നാലുകാലിൽ വീഴുന്ന പൂച്ചയാണയാൾ.എങ്ങനെ വീണാലും ഭംഗി! ഗോൾ ആഘോഷിക്കുന്നത്‌, അപ്പീൽ ചെയ്യുന്നത്‌,ചൂടാവുന്നത്‌ ,എന്തിനു റെഡ്‌ കാർഡ്‌ വാങ്ങുന്നത്‌ മുതൽക്കുള്ള എല്ലാ തരം ഐറ്റങ്ങളിലുമുണ്ട്‌ നാട്യനടനങ്ങളുടെ ഒരു എലമന്റ്‌! അതിലെല്ലാം തന്നെ ഒരു മാസ്റ്ററുടേതായ അനനുകരണീയ ശൈലിയും ! വെറുതെ നടന്ന് വരുന്നത്‌, നെഞ്ചത്ത്‌ കൈ വെച്ച്‌ ദേശീയ ഗാനം ചൊല്ലുന്നത്‌. ജയിച്ചാൽ ആഹ്ലാദിക്കുന്നത്‌, തോറ്റാൽ കരയുന്നത്‌ എന്നു വേണ്ട സകലതിലും ആ മറഡോണത്വം ഐതിഹാസികമായി പരിലസിക്കുകയാണു! മെസ്സിയെ നോക്കൂ! ഡ്രിബ്ലിംഗിൽ അതി ഭീകരനല്ലേ? പക്ഷെ ബോൾ കയ്യിൽ ഇല്ലാത്ത നിമിഷങ്ങളിലോ? ഹോട്ടൽ ലോബിയിലെ സോഫയിൽ ബോറടിച്ചിരുന്ന് അന്നത്തെയാണോ‌ തലേന്നത്തെയാണോ എന്നറിയാത്ത ഏതോ ഒരു പത്രം വായിക്കുന്ന അതേ വിശ്രമലാഘവത്വമായിരിക്കും ആളിന്റെ ശരീരഭാഷക്ക്‌! അതാണു പറഞ്ഞത്‌ മുഴുനീളം ഒരു ഒരു പെർഫോമറേയല്ല മറഡോണയെപ്പോലെ,മറ്റാരും! ഓരോ ഇഞ്ചിലും! മെസ്സിയിൽ പ്രവർത്തിക്കുന്ന സിസ്റ്റത്തിനു മുൻ എഡിഷനുണ്ട്‌.അതൊരു അപ്ഡേറ്റഡ്‌ വേർഷനാണു.‌ മറഡോണക്കതില്ല! ‌


കളത്തിലും കളത്തിനു പുറത്തുമൊക്കെ ഡ്രിബ്ലറായ ഫുഡ്ബോളർ തന്നെയായിരുന്നു, ഡീഗോ മാറഡോണ! അച്ചനായാലും സുഹൃത്തായാലും സഖാവായാലും റെബലായാലും! റോമിലെ ഫുഡ്ബോൾ മിശിഹ ആയിരുന്നു! ക്യൂബക്ക്‌ ഉണർത്ത്പാട്ട്‌! പാലസ്തീനിന്റെ തോളിലും കൈയിട്ട്‌‌ ചങ്ങാതിയെപ്പോലെ അയാൾ നിന്നു! മാറഡോണയെ ഏതെങ്കിലും ഉൽപ്പന്നത്തോട്‌ ചേർക്കുന്നവർ വരെ അയാളുടെ പാരഡിയാവുകയാണുണ്ടായത്‌. അല്ലാതെ മറഡോണ ആ ഉൽപ്പന്നത്തിന്റെയല്ല! അതാണു വ്യത്യാസം! ലോകത്ത്‌ ഒരു തരം വൈരുധ്യത്തിനും മറഡോണയേയും ഫുട്ബോളിനേയും രണ്ടാക്കി മാറ്റിനിർത്താൻ അന്ത്യ നിമിഷം വരെ കഴിഞ്ഞില്ല; ഇനിയൊട്ട്‌ കഴിയുകയുമില്ല! അവശനും രോഗിയുമായ മറഡോണയെ അല്ല, വട്ടനായ ഫുഡ്ബോളർ മറഡോണയെത്തന്നെയാണു അവസാനമൊമന്റ്‌ വരെ ലോകം കണ്ടത്‌! കളി എന്നോ നിർത്തിയിട്ടും ഫുട്ബോൾ ഇതിഹാസം എന്നല്ലാതെ മുൻഫുട്ബോളർ എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാൻ ധൈര്യമുള്ള ഒരു കുട്ടിയും ഈ ഭൂമിയിൽ ജീവിച്ചിരിപ്പില്ലാത്തത്‌ മറഡോണയായിട്ട്‌ ആരെയും ഭീഷണിപ്പെടുത്തിയത്‌ കൊണ്ടല്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ! അങ്ങനെ ഒരേയൊരാൾ മാത്രമേ ഇനി ബാക്കിയുള്ളു! സാക്ഷാൽ പെലെ! അദ്ദേഹം പോലും കളത്തിലും പുറത്തും‌ ഒരു പോലെ മാന്യനായിരിക്കാൻ ആഗ്രഹിച്ചു! അവിടെയും മറഡോണക്ക്‌ വിധിച്ചത്‌ ഒരു ജീനിയസിൽ മാത്രം സംഭവ്യമായ 'പരിപൂർണ്ണതുറവി' എന്ന വേദനാജനകമായ സത്യാവസ്ഥയായിരുന്നു! തനിത്തങ്കസത്യം! മഞ്ഞുപോലൊരു ഹൃദയം മാത്രം;മറ്റൊന്നുമില്ല വേറെ എന്ന റൂമി സങ്കൽപ്പം പോലെ! യാ മറഡോണാ...യാ അല്ലാഹ്‌!

"തെ ക്വീറോ മൂച്ചോ " "തെ ക്വീറോ മൂച്ചോ "

-


-

രോമകൂപങ്ങളിലടക്കം കണ്ണും കാന്തവുമുള്ള മനുഷ്യപ്പന്ത്‌! സോക്കർകമ്പ്യൂട്ടറിന്റെ ജൈവനാമം! ആധുനിക ഫുട്ബോളിലെ എല്ലാ തരം ഹാർഡ്&സോഫ്റ്റ്‌ വെയറുകളുടെയും മദർബോർഡ്‌ ഈ തുടയിൽ നിന്നും നിർമ്മിക്കപ്പെട്ടു! ശക്തി ബുദ്ധി ഭാവന സൗന്ദര്യം എന്നിവ സമം ചേരുന്നത്‌ ഫുട്ബോളിൽ ഒരാളെ മാസ്റ്ററാക്കുന്നു!അങ്ങനെയാണു പെലെ ഫുട്ബോളിലെ രാജാവാകുന്നത്‌‌‌! മറഡോണയിലാകട്ടെ ഈ നാലും കൂടാതെ 'നിഷ്കളങ്കമായ‌ അപ്രവചനീയത' എന്ന അതുവരെ ഫുട്ബോളിന്റെ കണക്കിലേ ഇല്ലാത്ത ഒരു വ്യത്യസ്ത ഘടകവും കൂടി അധികം ചേർന്നപ്പോൾ 'ഫുട്ബോളിലെ ഇതിഹാസം'‌‌ എന്ന പദവിയിലേക്ക്‌ അയാൾ സ്വയം ഉയർത്തപ്പെട്ടു! മറ്റാരാലും ശാസ്ത്രീയമായി പഠിച്ചെടുക്കാനോ ജൈവപരമായി‌ പ്രായോഗിക തലത്തിൽ പ്രൂവ്‌ ചെയ്യാനോ കഴിയുന്ന ഒരു കാര്യമല്ല മറഡോണയുടെ ആ 'മിസ്റ്റിക്കൽ‌ ഫിഫ്ത്‌ ഗിയർ' എന്നതിനാൽ ആരെല്ലാം ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ‘ God of football' എന്ന് അയാൾ എക്കാലത്തേക്കുമായി അറിയപ്പെടുക തന്നെ ചെയ്യും! ‌


'ദൈവം' എന്നത്‌ അറുപത്‌‌ വയസ്സ്‌ കഴിഞ്ഞ താടിയുള്ള അജ്ഞാതനായ ഒരു വൃദ്ധ നന്മമരമാണെന്നോ ചിത്രകാരന്മാരുടെ ഭാവനയിലെ കലണ്ടർ രൂപങ്ങളാണെന്നോ കരുതിപ്പോരുന്ന ഏതൊരു വിശ്വാസിക്കും മാറഡോണയെ ആ വാക്കിനൊപ്പം ചേർക്കുന്നത്‌ ഒരിക്കലും ഇഷ്ടമാവില്ല! സാക്ഷാൽ പീറ്റർ ഷിൽട്ടന്റെ കാര്യമെടുക്കൂ. 'ദൈവം' കണ്ണൂരിൽ നിന്നും മടങ്ങിപ്പോയതിനു പിന്നാലെ,കോഴിക്കോട്ട് വന്ന് അദ്ദേഹം പൊട്ടിത്തെറിച്ചിട്ടുണ്ട്‌‌‌‌, "നിങ്ങൾക്ക്‌ ആ ഗോൾ ദൈവീകമായിരിക്കാം.പക്ഷേ പിശാചിന്റെ കൈകൊണ്ടാണയാൾ പന്ത്‌ പോസ്റ്റിലേക്ക്‌ കുത്തിയിട്ടത്‌.ഞാനേ കണ്ടുള്ളൂ" എന്ന്! അത്‌ പറയുമ്പോൾ അപമാനിതനായ ആ വലിയ ഗോളിയുടെ മുഖം ദേഷ്യം കൊണ്ട്‌ ചുവന്ന് തുടുത്തിരുന്നു! അപ്പോൾ അളന്നാൽ അടുത്ത്‌ നിൽക്കുന്ന ആർക്കും അഞ്ചടിയേ ഉയരം കാണൂ! ഡീഗോ എന്ന കുട്ടിക്കുറുമ്പൻ ഏതു നിമിഷവും തന്റെ തലക്കു മുകളിൽ വന്ന് വീഴാം എന്ന് സ്വപ്‌നത്തിലടക്കം അയാൾ പ്രതീക്ഷിക്കുന്നുണ്ടാവണം!

-

ഒൻപതും പതിനൊന്നും നമ്പറുകളിൽ മുൻകറും നകീറും ഇടം വലം നിറയുമ്പോൾ നടുവഴി തോൾ വെട്ടിച്ച്‌‌ കടന്ന് പോകുന്നുണ്ടാകും ഒരു പത്താം നമ്പറുകാരൻ നേരെ ജന്നത്തുൽഫിർദ്ദൗസിലേക്ക്‌!


റബ്ബേ..നിന്റെ മാരിവിൽക്കിക്കിന്!

നിറയേ സ്നേഹം..

 
 
 

Comments


bottom of page