top of page
Search

ബഷീറിന്റെ എഴുത്തും സൈഗാളിന്റെ പാട്ടും തമ്മിൽ

  • Writer: Shahabaz Aman
    Shahabaz Aman
  • Jul 1, 2020
  • 2 min read

Updated: Jul 5, 2021



ree

ബഷീറിന്റെ എഴുത്ത് ശ്രദ്ധിച്ചിട്ടില്ലേ?സംഗീതം പോലെയാണു.എത്ര ആവർത്തിച്ചാലും മടുക്കില്ല.ഒരു ഗാനം അങ്ങനെയായിരിക്കുന്നത്‌ മനസ്സിലാക്കാം.പക്ഷേ എഴുത്തോ?പിൽക്കാലത്ത്‌‌‌ വായിക്കുമ്പോൾ ചെടിപ്പോ  തിരുത്തോ‌  തോന്നാത്ത എഴുത്ത്‌ സാധ്യമോ‌? സുദീർഘ ആയുസ്സുള്ളത്‌? സോജ രാജകുമാരീ എന്ന ഗാനം പോലെ? അതെ.സത്യമാണു! ഉദാഹരണത്തിനു ബഷീറിന്റെ 'അനർഘ നിമിഷം'എടുക്കുക! 70 വർഷം പഴക്കമുള്ള സൈഗാളിന്റെ 'ഗം ദിയേ മുഷ്തകിൽ'  കേൾക്കുന്നതു പോലെത്തന്നെയില്ലേ?വാക്കുകളും സ്വരങ്ങളും ! ഒരേ ഒഴുക്കാണു രണ്ടിനും‌! ഒരേ ഇടത്ത്‌ നിന്നും ഉൽഭവിച്ച്‌ രണ്ട്‌ കൈ വഴികളായി ഒഴുകുന്ന അടി തെളിഞ്ഞ രണ്ട്‌ നദികൾ പോലെ ! രണ്ടും ഉൾവഹിക്കുന്നുണ്ട്‌‌,‌ അടിത്തട്ടിൽ നേരിയ മധുരവിഷാദം! എഴുത്തിന്റെ ആയുർ ദൈർഘ്യം‌ എടുത്ത്‌ നോക്കിയാൽ ബഷീർ തന്നെയാണു ഇമ്മിണി ബല്യ ഒന്ന്‌ എന്നത്‌‌‌ നിസ്തർക്കം! വേറെയുമുണ്ട് ചില‌ എഴുത്തുകാർ! വേറെയും ചില പാട്ടുകളും! അതേ സമയം ഇതിന്റെ മറുവശത്ത്‌ മടുപ്പിക്കുന്ന എഴുത്തുകളും പാട്ടുകളുമുണ്ട്‌!സ്വന്തം ലിസ്റ്റ്‌ ഇവിടെ എടുത്ത്‌ പറയുന്നത്‌‌ തീർത്തും അനൗചിത്യമാകയാൽ ഒഴിവാക്കുന്നു.ആരും അതൊന്നും ബോധപൂർവം ചെയ്യുന്നതല്ലല്ലൊ! മറ്റുള്ളവർക്ക്‌ മുഷിവുണ്ടാക്കണം എന്ന് എഴുതുമ്പോഴോ പാടുമ്പോളോ ആരെങ്കിലും സ്വയം വിചാരിക്കുമോ? എഴുതിയിട്ട്‌ ആരെയും കാണിക്കാത്തവരുണ്ടാകാം.(കാഫ്‌ക അങ്ങനെ ഒരാളായിരുന്നു എന്ന് പറയുന്നു.) എന്നാൽ സ്വന്തം സംഗീത/സാഹിത്യ രചനക്ക്‌ അൽപ്പായുസ്സേ ഉണ്ടാകാവൂ എന്ന് ശഠിക്കുന്ന ആരെങ്കിലും ഉണ്ടാവുമോ?! അറിയില്ല.സാധ്യത കുറവാണു.അനശ്വരത എല്ലാവരും കൊതിക്കുന്നു! പക്ഷേ 'ആ വര'(ം) എല്ലാവർക്കും സിദ്ധിക്കയില്ലെന്ന് മാത്രം! ഇനി നോക്കാനുള്ളത്‌ അത്‌  'സിദ്ധി' യാണോ അതോ രചനാ തന്ത്രം ആണോ എന്നതാണു! സിദ്ധി എന്നത്‌ കൊണ്ട്‌ ഗൂഡാർത്ഥങ്ങളൊന്നും ഇവിടെ ഉദ്ദേശിച്ചില്ല.ജന്മനാ കിട്ടിയത്‌.സ്വതേയുള്ള ശീലം! ഉദാഹരണത്തിനു ചിലർ കാര്യമാത്ര പ്രസക്തമായി മാത്രം മിണ്ടുന്നവരാണു!ചിലർ കാളമൂത്രം കണക്കെ സറപറാന്ന് പറയും.ചിലർക്ക്‌ രസികത്വം കൂടുതൽ. ചിലർ കോപ്പിയേ പറയൂ! ചിലർ വിശദാംശപ്രിയർ! ശ്രദ്ധിച്ചാൽ ഇതെല്ലാം പാട്ടിലും എഴുത്തിലുമൊക്കെ കാണാം‌! ക്രാഫ്‌റ്റ്‌ എന്ന് പറയുന്നത്‌ ഒരു സംഭവം തന്നെയാണു!ഉള്ളടക്കത്തേക്കാൾ പലപ്പോഴും ക്രാഫ്റ്റ്‌ നമ്മളെ സ്വാധീനിച്ചെന്ന് വരാം! അപൂർവ്വം ചിലരുടെ കാര്യത്തിൽ ഈ ക്രാഫ്റ്റ്‌ തന്നെയാണു കണ്ടന്റ്‌! വിക്ടർ ലീനസിനെയും സലീൽ ചൗധരിയെയും ഇവിടെ ഓർക്കാം.വിശദമായി മറ്റൊരിക്കൽ.  സംഗീതത്തെയും സാഹിത്യത്തെയും ക്രോസ്ചെക്ക്‌ ചെയ്ത്കൊണ്ട്‌‌ ഈ വിഷയത്തെ സമീപിക്കുന്നതിൽ ഒരു രസമുണ്ട്‌.രസം മാത്രമല്ല,പതുക്കെപ്പതുക്കെ ജീവിതത്തെയും കലയേയും സംബന്ധിച്ച പല വിധ കണ്ടെത്തലുകളിലേക്ക്‌ അത്‌ നമ്മെ കൊണ്ട്‌ചെന്നാക്കും. ബഷീറിന്റെ ഏതു രചന,‌ എപ്പോൾ എടുത്ത്‌ നോക്കിയാലും ഈ ചിന്ത മനസ്സിൽ ഉണരും! ഒരു ഗ്രാമഫോണിലൂടെ എന്ന പോലെ, ആ അക്ഷരങ്ങൾ ഓരോന്നും ഇങ്ങനെ ഒഴുകുകയാണു! "യാ ബാൽഷറീഫ്‌.." എന്ന ഒരു വാക്ക് ബഷീർ‌ എഴുതുമ്പോൾ ഒരു ദർഗ്ഗാ പരിസരം അവിടെ ഉണ്ടായിക്കഴിഞ്ഞു! ചന്ദനത്തിരിയുടെ മണം അവിടെ പൊന്തിക്കഴിഞ്ഞു! ഒരു വാക്കും ബഷീർ കൃതിയിൽ ഒരു വെറും വാക്കല്ല! ഓരോ ഒറ്റപ്പുള്ളിക്കുമുണ്ട്‌ ജീവൻ ‌! അതിനു പറ്റിയ തരത്തിലുള്ള വാക്കുകളുടെ ശ്രദ്ധാപൂർവ്വമായ ഉപയോഗങ്ങളാണു ബഷീറിന്റെ പ്രത്യേകത! ഇത്‌ എങ്ങനെയോ സംഭവിക്കുന്നതാണെന്ന് വിചാരിക്കാമോ? അതിൽ ബഷീറിന്റെ ബോധമനസ്സ്‌ കൃത്യമായി ഇടപെടുന്നില്ലെന്നും അതൊരു മിസ്റ്റിക്കൽ എക്സ്പീരിയൻസ്‌ മാത്രമാണെന്നും കരുതുക വയ്യ! അതേ സമയം അത്‌ പല കാലങ്ങളെ എങ്ങനെയാണു അതിജീവിക്കുന്നത്‌ ?  സംഗീതത്തിൽ 'ഏഴു അടിസ്ഥാന സ്വരങ്ങൾ' എന്നത്‌ പോലെ എഴുത്തിൽ ഇത്ര ഭാഷാക്ഷരങ്ങൾ എന്ന ഘടകം അതാതു ഭാഷകളിലെ സാഹിത്യരചനയെ എങ്ങനെയാണു വേറിട്ടതാക്കുന്നുണ്ടാവുക?അതോ, കാവ്യകൽപനാപരമായോ അക്കശാസ്ത്രമനുസരിച്ചോ അവ സമാനം തന്നെയോ? പാട്ടിൽ നൗഷാദിന്റെ ഒരു ഈണം എടുത്ത്‌ നോക്കുക.എഴുതുന്നത്‌ ഷക്കീൽ ബദായുനി ആണെങ്കിലും മജ്രൂഹ്‌ സുൽത്താൻപുരി ആണെങ്കിലും അവതരണ രീതിയിൽ  നൗഷാദ് സാഹബ്‌‌ പുലർത്തുന്ന ഒരു ഏകമാനതയുണ്ട്‌.അന്മൂൽ ഗഡിയിലെ പത്ത്‌ പാട്ടുകളും പത്ത്‌ തരം ഈണങ്ങളാണു.എന്നാൽ നൗഷാദ്‌ തന്റെ ഒരു ഗാനസൃഷ്ടിയെ സമീപിക്കുന്ന സ്ഥിരം ഒരു കേളീശൈലിയുണ്ട്‌! അതിനെ പത്തിലും സമാനമായി നമുക്ക്‌ കാണാം! പഞ്ചമുഖ രുദ്രാക്ഷം എന്നൊക്കെപ്പറയും പോലെ! ഇത്‌ വാസ്തവത്തിൽ ബഷീറിലുമുണ്ട്‌! പക്ഷേ എന്നിട്ടും എങ്ങനെയാണു ആവർത്തിച്ച്‌ വായിക്കുമ്പോഴും പുതുമ നിറഞ്ഞ ഒരു അനുഭവതലം അത്‌ നമ്മിൽ നിരന്തരം ഉൽപാദിപ്പിക്കുന്നത്‌‌‌? മലയാളത്തിൽ നാരായണഗുരുവിന്റെ കാവ്യങ്ങൾക്ക്‌ ഈ പ്രത്യേകതയുണ്ടെന്ന കാര്യം സാന്ദർഭികമായി പറയട്ടെ.വിശദമായി പിന്നീട്‌. പാട്ട്‌ ഒരു പുസ്തകം പോലെയും പുസ്തകം പാട്ടുപോലെയും അനുഭവിക്കുക എന്നത്‌ ‌പറഞ്ഞറിയിക്കാനാവാത്തത്ര സുഖാനുഭൂതിദായകമാണു! രണ്ടിന്റെയും ധർമ്മം ചിലപ്പോൾ രണ്ടായിരിക്കാം! അറിയില്ല! പക്ഷേ ഇന്നതായിരിക്കണം ഒന്നിന്റെ ആസ്വാദനമാനദണ്ഡം എന്നത്‌  ആർ നിശ്ശ്ചയിക്കും ? ഏതു അളവുകോൽ വെച്ച്‌!? ജി.ദേവരാജന്റെ സംഗീതരചനയും വയലാറിന്റെ കാവ്യരചനയും ചേരുമ്പോൾ സംഗീതത്തിന്റെയും സാഹിത്യത്തിന്റെയും ഒരു കൊടുക്കൽ വാങ്ങൽ ആണു സംഭവിക്കുന്നത് എന്ന് എല്ലാവർക്കും അറിയാം‌. എന്നാൽ "പൊട്ടിക്കാൻ ചെന്നപ്പോൾ പൂമ്പൊടി ചോദിച്ചു"എന്ന എം.ബി.എസ്‌ ഈണത്തിനു എം.ടി യുടെ കഥയെഴുത്ത്‌ ശൈലിയുമായുള്ള ബന്ധം അന്വേഷിക്കുന്നതിന്റെ കൗതുകത്തെക്കുറിച്ചാണു നമ്മൾ പറയുന്നത്‌.സാഹിത്യവും സംഗീതവും പരസ്പരം ശൈലികൾ കടം കൊള്ളുന്നുണ്ടാകുമോ? ബാബുരാജ്‌ പാടുമ്പോലെ എഴുതണം എന്ന് അക്കാലത്തോ ഇക്കാലത്തോ ഉള്ള ഏതെങ്കിലും എഴുത്താളർ വിചാരിച്ചിരിക്കുമോ? ബഷീറിന്റെ എഴുത്ത്‌ കണക്കെ ഈണം ചെയ്യണമെന്ന് ഏതെങ്കിലും സംഗീതകാർ? അറിയില്ല! ശുഭം.എല്ലാവരോടും സ്നേഹം...




 
 
 

3 Comments


ansifashraf016
Jul 05, 2021

❤️

Like

shafeerpahammed
Jul 08, 2020

Amazing text and thought... shahabaz ikka...

Like

Nishad Kk
Nishad Kk
Jul 05, 2020

❤️❤️❤️

Like
bottom of page