ലൂണാ വാലയിലെ കപ്പലണ്ടി മിഠായികള്‍
- Shahabaz Aman

- Jun 16, 2020
- 1 min read
Updated: Jul 3, 2020

ലൂണാ വാലയിലെ കപ്പലണ്ടി മിഠായികള്‍ നേരില്‍ കാണുന്നതിനും എത്രയോ മുന്‍പ് മഹാരാഷ്ട്രയിലെ ബോംബെ നഗരം ഉണ്ടാക്കിയിരുന്ന, സിനിമയുടെ കടും കളറുകളില്‍ മുക്കിയെടുത്ത ഹിന്ദിപ്പാട്ടുമിഠായികള്‍ ഞങ്ങള്‍ കുട്ടികള്‍ നുണഞ്ഞു നടന്നു. ഞങ്ങളുടെ പാട്ടറിവിന്‍റെ ഹൊറെയ്സണില്‍ വെട്ടം വീഴും മുന്‍പേ കുന്ദന്‍ലാല്‍ സൈഗാള്‍ ,മധുര സ്വപ്‌നങ്ങളുടെ മഞ്ചത്തില്‍ രാജകുമാരിയെ ഉറക്കിക്കഴിഞ്ഞിരുന്നു . പങ്കജിലൂടെ ചന്ദൻ ദാസിലെത്തി പിന്നെ ജലോട്ടയിലൂടെ ജഗജിത് സിംഗിലേക്കും അവിടെനിന്ന് തലത് അസീസിലേക്കും ശേഷം ഹരിഹരനിലേക്കും അവിടെ നിന്ന് ഗുലാം അലിയിലേക്കും ഒടുവിൽ സാക്ഷാല്‍ മെഹ്ദിയിലുമെത്തുന്ന ഗസൽ റൂട്ടുകൾ മനസ്സിലാക്കാൻ പഠിക്കുന്നതിനും എത്രയോ മുന്‍പ് തലത്ത് ഞങ്ങള്‍ക്ക് മൂളിത്തന്നിരുന്നു വരച്ചിട്ടും വരച്ചിട്ടും ആവാത്ത ചിത്രത്തിന്‍റെ സങ്കടകഥ. ''തസ്‌വീർ ബനാതാ ഹും തസ്‌വീർ നഹീ ബൻതി '' കിഷോരിയെ കാണും മുന്‍പേ ലതാജി പണിക്കുറ്റം തീര്‍ത്തു പാടിത്തന്നു . പര്‍വീന്‍ സുല്‍ത്താനക്ക് മുന്‍പേ നൂര്‍ജഹാന്‍ . ടന്‍ കമാന്മെന്‍സ് പിന്നെയാണ്.അന്മൂല്‍ ഘടിയിലെ 10 ഗാനങ്ങളും അതിനും മുന്‍പേ മനം കവർന്നു . പില്‍ക്കാലത്ത് ഭാഷകളുടെയെല്ലാം അതിര്‍ത്തികളെ മറി കടന്ന് ലെനനും പാവരട്ടിയും മാര്‍ഷല്‍ ഖലീഫയും വന്നു . ജാസിന്‍റെ കറുമ്പന്‍ ചരിത്രങ്ങളൊക്കെയും വന്നു .ബഡെ ഗുലാം അലിഖാൻ പരമ്പരകളും രാമ ലിംഗവും ശീര്‍കാഴിയും മൂണ്‍ വാക്കും ഫ്ലോയിഡിന്‍റെ മതിലും ഞങ്ങളെ പമ്പരം കറക്കി . നുസ്രത്ത് മേല്‍ക്കൂര പൊളിച്ചു ! അബിദയാകട്ടെ ഇറ തകര്‍ത്തു .ഒടുവിൽ കറങ്ങിക്കറങ്ങി മെഹ്ദിഹസ്സനിൽത്തന്നെ വന്നെത്തി ! ഒടുവില്‍ ..തിരകള്‍ ഒന്നടങ്ങിയപ്പോള്‍ ,പൊടിയമര്‍ന്ന് കാഴ്ച മെല്ലെ മെല്ലെ തെളിഞ്ഞു തുടങ്ങിയപ്പോള്‍ ഞങ്ങള്‍ കണ്ടു ,ഇശലുകളുടെ സൂഫി ദേശാടനം ! കുട്ടിക്കാലത്ത് കാളങ്ങളില്‍ നിന്ന് കാളങ്ങളിലേക്ക് പടര്‍ന്നിരുന്ന അതേ ഇശലുകളുടെ ഉള്ള് ! കബീറും റൂമിയും ഷാ ബുല്ലെയും ഷഹബാസും റാബിയയും ഖുസ്രുവും ഫരീദും ! ചന്ദനം പുകയുന്ന ദര്‍ഗ്ഗാ വിഷാദങ്ങള്‍ ! പല നാട്ടിലെ പല ഹൃദയങ്ങള്‍ വന്ന് മിഴിനീരിനാല്‍ ഗുലാബിതളുകള്‍ പൊഴിക്കുന്ന ഖവ്വാലിടങ്ങള്‍... തിരിച്ച് സ്വന്തം വേരുകളിലേക്ക് നോക്കുമ്പോളുണ്ട്, വൈദ്യരും പുലിക്കോട്ടിലും കാഞ്ഞിരാലയും മുഗ്രാലും മുണ്ടപ്രയും ഉബൈദും അബ്ദുൽ റസാഖും ...തീരുന്നില്ല ... എത്രയെത്ര പേര്‍ ! ഒടുവില്‍ സാക്ഷാല്‍ ഇച്ച മസ്താൻ ! തലയില്‍ കനല്‍ വെച്ചു നടക്കുന്ന പൊള്ളുന്ന ഒറ്റ വഴി ! പലായനത്തിന്‍റെ മണല്‍ കൂനകളിലൂടെ അരിച്ചരിച്ച് വന്ന്, തമിള്‍ത്തനിമയും കമ്പിയും കൊമ്പും കൊമ്പുമ്മലെക്കൊമ്പും കൂടിക്കലര്‍ന്ന് ശെമ്മലയാളപ്പശിമയുടെ നാട്ടു വഴക്കത്തിലൊട്ടിപ്പിടിച്ചുണ്ടായതാണ് ആ പാട്ടുകളൊക്കെ എന്നറിഞ്ഞു ! 'മലയാളം സൂഫി റൂട്ട്' അതിനെയൊക്കെ ആശ്ചര്യത്തോടെ മാറി നിന്ന് നോക്കിക്കാണുക മാത്രമേ ചെയ്യുന്നുള്ളൂ .അത്ര ഉയരത്തില്‍ നിന്നല്ലെങ്കിലും സ്വന്തമായൊരു നിലയില്‍ നിന്ന് !അതിൻ്റെ ആമുഖ ലക്കം മാത്രമാണ് KEF 1126 ! നന്ദി ! എല്ലാവരോടും സ്നേഹം.....




Comments