top of page
Search

എം എസ്‌ വി യും റഹ്മാൻ യുഗാനന്തര സംഗീതവും

  • Writer: Shahabaz Aman
    Shahabaz Aman
  • Jul 16, 2020
  • 4 min read

ree

ഹിന്ദിപ്പാട്ടുകളുടെ  ഈണത്തിന് കണക്കാക്കി മലയാളം എഴുതുകയായിരുന്നു ഒരു കാലത്ത് നമ്മള്‍ . പിന്നീട് സ്വന്തം പാട്ടുണ്ടായി .സി .രാമച്ചന്ദ്രയും നൌഷാദുമാണ്  ഈണങ്ങള്‍ ഉണ്ടാക്കാന്‍ മുക്കരയേയും പഠിപ്പിച്ചതെന്നു പറയുന്നവരുണ്ട് .നമ്മുടെ നാടക ഗാനങ്ങളില്‍ പോലും അതിനുള്ള  തെളിവുകളെ അവര്‍ കണ്ടെത്തുന്നു .അതേ സമയം അനില്‍ ബിശ്വാസ് ആണ് ഇന്നും നടപ്പിലുള്ള പല്ലവി അനുപല്ലവി ചരണം ഫോര്‍മാറ്റ് രൂപപ്പെടുത്തിയതെന്നും ചരിത്രകാരന്മാര്‍ നിരീക്ഷിക്കുന്നുണ്ട്  .  പാട്ടിന്‍റെ കാര്യത്തില്‍  ഭാഷ സംഗീതത്തെയും  തിരിച്ചും  തമ്മാമ്മില്‍ സ്വാധീനിക്കുന്നുണ്ട് എന്ന് നമുക്കറിയാം . ദ്രിശ്യപരത കഥാകഥന രീതിയെ എന്ന പോലെ . രൂപം ആശയത്തെ അല്ലെങ്കില്‍ തിരിച്ച്  എന്ന കണക്ക് .ഇതിന്‍റെയൊക്കെ അതല്ലാത്ത  അടരുകളും ഉണ്ട്  .നാടകം പാട്ടിനോട് നാടകരൂപം ഇട്ടു വരാന്‍ പറഞ്ഞപ്പോള്‍ അത് നാടകപ്പാട്ടായി ,സിനിമ പറഞ്ഞപ്പോള്‍ സിനിമാപ്പാട്ട്‌ .മത വിശ്വാസികൾ പറഞ്ഞതോടെ  'ഭക്തിഗാനങ്ങൾ' ഉണ്ടായി.  


ഭാഷയുടെ വിഷയത്തില്‍ , തമിഴ് ,മലയാളത്തിനു തായ് വേര് ആയിട്ടുണ്ടെങ്കില്‍ പാട്ടിലും അങ്ങനെത്തന്നെയാണെന്ന്  പറയാം . 

ശ്രദ്ധിച്ചു  നോക്കുമ്പോള്‍ രചനാപരമായും  സംഗീതപരമായും ചിന്താപരമായും തമിഴ് നമുക്ക് മാതൃകയായി മുന്നില്‍ നിന്നിട്ടുണ്ട് എന്ന്  സമ്മതിക്കുന്നതില്‍ 'നാണിക്കാന്‍' ഒന്നുമില്ല  .നാരായണ ഗുരുവിന്‍റെ  കാവ്യത്തിലും  ചങ്ങമ്പുഴയുടെ പാട്ടിലുമൊക്കെ ആ 'കൂട്ട്' കാണാം  . ഹിന്ദി ഉറുദു ഗാനങ്ങളുടെ സ്വാധീനം സംഗീതപരമായി നല്ല  ഒരു പങ്ക് കിട്ടിയെങ്കിലും (നമ്മുടെ വലിയ വലിയ  പല ഗാനങ്ങളിലും അത് തെളിഞ്ഞു നില്‍ക്കുന്നു  ) ഭാഷ ഇടഞ്ഞു നില്‍ക്കുന്നത് കൊണ്ട് പൂര്‍ണ്ണമായും നമ്മള്‍ വടക്കന്‍   സ്വാധീനത്തില്‍  പെട്ടവരാണെന്നു വിശ്വസിക്കുക വയ്യ .അല്ലെങ്കില്‍ കേരളം ഇങ്ങനെയല്ല ഇരിക്കുക .മലബാര്‍ പോലും ! അത് വേറൊരു വിഷയമാണ് . നാഗൂർ ഉൾപ്പെട്ട 'ദക്ഷിണേന്ത്യന്‍ ഭൂ സ്വാധീനവും മിശ്ര മനുഷ്യ  ജീവിത പരിസരവും  ഒരു   മാപ്പിളപ്പാട്ടില്‍ വരെ എടുത്തു കാണാം എന്നിരിക്കെ   നമ്മുടെ സിനിമാ പാട്ടിനു ഇന്ന് കാണുന്ന ഒരു രൂപം ഉണ്ടായ  കാര്യത്തില്‍ നാം ഏറെയും  കടപ്പെട്ടിരിക്കുന്നത് കര കൊണ്ട് തമിഴ്‌നാടിനോട് തന്നെയാണ്  .ലക്ഷണമൊത്ത മലയാളപ്പാട്ടുമായി  'നീലക്കുയില്‍' വരുന്നത് 1954 ല്‍ ആണ്  എന്നോര്‍ക്കണം .50 ല്‍ 'നല്ല തങ്ക' വന്നെങ്കിലും ഈണങ്ങളിലേക്ക്  സൂക്ഷിച്ചു നോക്കിയാൽ  കടപ്പാടുകൾ  കാണാം .നൌഷാദ് അലി  അതിനും എത്രയോ മുന്‍പ് അത്ഭുതപ്പെടുത്തുന്ന പാട്ടുകള്‍ ഉണ്ടാക്കിക്കഴിഞ്ഞിരുന്നു .''നമ്മുടെ സ്വന്തം സ്വാമി ''  ''നമ്മുടെ ദേവരാജന്‍ മാഷ്‌''  ''നമ്മുടെ ബാബുരാജ്‌  മാഷ് '' എന്നിങ്ങനെയൊക്കെ   അഭിമാനിക്കാവുന്ന  സ്ഥിതി വിശേഷത്തിലേക്ക്  പിന്നീട് കാര്യങ്ങള്‍ നീങ്ങിയെങ്കിലും   അഭിവന്ദ്യരായ വിശ്വനാഥന്‍-രാമമൂര്‍ത്തി-കവിഞ്ജര്‍ കണ്ണദാസന്‍   എന്നിവര്‍ ഒരുമിച്ചും പിന്നീട് എം .എസ് .വിശ്വനാഥന്‍ -കണ്ണദാസന്‍ എന്ന ദ്വന്ദം  സ്വന്തം നിലയിലും  തമിള്‍ ഭാഷക്ക് ഊന്നല്‍ നല്‍കിക്കൊണ്ട്  തയ്യാറാക്കിയ ഒരു സ്പെഷ്യല്‍ 'റെസിപ്പി' തന്നെ  ആണ് കാലങ്ങളായി 'ദക്ഷിണേന്ത്യന്‍ സിനിമാസംഗീതം' മെലഡി എന്ന പേരില്‍ അതിന്‍റെ തീന്‍ മേശമേല്‍ വിളമ്പിക്കൊണ്ടിരിക്കുന്നത് !


.രാഗ സത്യം,ശ്രവ്യാനുഭൂതി ,കാവ്യ  ഗുണം ,ആലാപന മേന്മ ,ചില കണക്കുകള്‍,പരീക്ഷണാത്മകത ,കര്‍മ്മ കുശലത,ജൈവികത ,കുസൃതിത്വം,വൈകാരികത, മനുഷ്യത്വം. എന്നിങ്ങനെയുള്ളവ  ശ്രദ്ധയോടെ വശ്യവും ആവശ്യവുമായ   അളവില്‍ ഉപയോഗിച്ച് ഒടുവില്‍   ''കടവുളേ '' എന്ന  ഉള്‍വിളിയുടെ ഉപ്പും  ചേര്‍ത്ത്  തയ്യാര്‍  ചെയ്തതാണ് ആ രുചി ! 


''അവര്‍ തുപ്പിയ എച്ചില്‍ '' എന്ന്  താനുള്‍പ്പെടുന്ന പിന്‍ തലമുറയുടെ സംഗീത പാചക വിധിയെക്കുറിച്ച് ഇളയരാജ  ആത്മ വിമര്‍ശനം കൊണ്ടത് ഒരു നിലയില്‍ എത്രയോ സത്യമാണ്.വേറൊരു നിലയില്‍ നോക്കിയാല്‍ പില്‍ക്കാലത്ത് ഇളയ രാജക്കും പിന്നീട് റഹ്മാനും മാത്രം ആണ് അതിന്‍റെ വലിയ ഒരു സ്വാധീന വലയത്തില്‍ നിന്നും വഴി മാറിപ്പോകാന്‍  കഴിഞ്ഞത്  . തങ്ങളുടെ സ്വന്തം കയ്യൊപ്പും കൂടി ചേര്‍ത്ത് കൊണ്ട് അതിനെ  അത്യാധുനികതയിലേക്ക് മൊഴി മാറ്റിപ്പാര്‍പ്പിക്കാന്‍  അവര്‍ക്ക് തീര്‍ച്ചയായും കഴിഞ്ഞു  ! രാജ്യാന്തര മാര്‍ക്കറ്റുകളില്‍ പുതിയ രൂപ ഭാവങ്ങളോടെ ദക്ഷിണേന്ത്യന്‍  സിനിമാ ഗാന വിപണി അങ്ങനെയാണ്  വികസിച്ചു വന്നത്  . ഇളയ രാജയുടെത്  എത്നിക് ഫ്ലേവര്‍ കൂടുതല്‍ ഉള്ളതായതിനാല്‍ ആഗോളവത്കരണാനന്തര കാലത്ത് ക്ലാസിക്കല്‍ ഉല്‍പ്പന്നങ്ങള്‍  നേരിട്ട എല്ലാ പ്രശ്നങ്ങളും അതിനെയും ബാധിച്ചു എന്ന് വേണം കരുതാന്‍  .റഹ്മാനാവട്ടെ വിവിധ രാജ്യങ്ങളുടെ ടേയ്സ്റ്റുകളെ   അതിലേക്കു ക്രിയാത്മകമായും കയ്യടക്കത്തോടെയും ലയിപ്പിച്ച്‌ ചേർത്ത്കൊണ്ട്‌ വേറൊരു വഴിയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു  . 


മലയാള ചലച്ചിത്ര ഗാനരംഗത്ത്  മേല്‍ വിശേഷിപ്പിച്ച 'തമിഴ് രുചിക്കൂട്ടിന്റെ '  സ്വാധീനം കൃത്യമായും വ്യക്തമായും കാണാം എന്ന് തന്നെ  ആവര്‍ത്തിച്ച് പറയട്ടെ  . നമ്മുടെ കടുത്ത   ഇഷ്ടങ്ങളെയും മറ്റു സ്വജനപക്ഷ സ്നേഹത്തെയുമൊക്കെ  മാറ്റി നിര്‍ത്തിക്കൊണ്ട് പരിശോധിക്കാന്‍ ശ്രമിച്ചാല്‍  അത് കണ്ടെത്തുവാന്‍ ഒരു പ്രയാസവും ഉണ്ടാവുകയില്ല .പ്രത്യേകിച്ചും  മൂന്നാം തലമുറയിലെ മുഴുവന്‍  ഗാനസംഗീത സംവിധായകരുടെയും  കാര്യം  ഒന്ന് എടുത്തു നോക്കിയാല്‍ മതി . രണ്ടു  വിധത്തിലാണ് അത്  .ഒന്ന് -ഇതിനു 'എം .എസ് .വി റസിപ്പിയുമായി' ഒരു തരത്തിലും ബന്ധമില്ല എന്നു സമര്‍ഥിക്കാന്‍ ശ്രമിച്ചു കൊണ്ട് ചെയ്യുന്നത്.മറ്റൊന്ന്  എം .എസ് .വി സ്വാധീനത്തില്‍  പെട്ട് പോകരുത് എന്ന വാശിയോടെ സകല ബുദ്ധിയും കഴിവും മെനകെട്ടു പ്രയോഗിച്ചു കൊണ്ട് ചെയ്യുന്നത് .രണ്ടായാലും പുതിയൊരു പരീക്ഷണമൊട്ടാകുന്നുമില്ല എന്നാൽ ഫലത്തിൽ സങ്കീർണ്ണമാണു താനും .മാത്രവുമല്ല, 'ഇമ്പം'  എന്ന് പറയുന്ന സാധനം തരിമ്പും ഇടാന്‍ ഇല്ലാത്തതു കൊണ്ടും അങ്ങനെ പാക്കറ്റില്‍ നിന്ന് എടുത്തിടാന്‍ തക്ക വിധം അത് അത്ര എളുപ്പം കിട്ടുന്ന ഒരു പാക്കറ്റ് മസാലപ്പൊടി  അല്ലാത്തതിനാലും   ഈ രണ്ട്‌ വിഭാഗവും വാസ്തവത്തിൽ  ആയുർദ്ദൈർഘ്യം കുറഞ്ഞതും ‌ ആസ്വാദ്യകരമല്ലാത്തതുമായിത്തീരുന്നു. എന്നാൽ രുചി കുറവായിട്ടും  ഇവ വിപണിയില്‍ ( ഒരു പക്ഷെ വളരെ അധികം) പിടിച്ചു നില്‍ക്കുന്നുണ്ട്‌.ഏതു കള്ള മയിലെണ്ണക്കാര്‍ക്കും  നാലാളെ  കിട്ടാതിരിക്കില്ല  എന്നത്  ഒരു അങ്ങാടി വാണിഭ രഹസ്യം ആകുന്നു  ! മറിച്ച് , സ്വാദുള്ള ഏതൊരു വിഭവവും നാച്ചുറൽ  ആയിട്ട്  നിങ്ങൾ ഒന്ന്  ഉണ്ടാക്കി നോക്കൂ ! അതിൽ  വളരെ കൃത്യമായി നിങ്ങൾക്ക് 'കഴിഞ്ഞ കഥയുടെ'  അതേ  രുചി കണ്ടെത്താൻ കഴിയുകയും ചെയ്യും! ഇത്‌ ഒരു പ്രഹേളികയാണു! വെല്ലുവിളി നിറഞ്ഞത്‌! അവിടെയാണ്   നമ്മൾ മാസ്റ്റേഴ്‌സിനെ അത്ഭുതത്തോടെ   ഓർക്കുക  !


എം എസ് വി യെപ്പോലുള്ള ലെജന്റുകളെ അവര്‍ ചെയ്തത് എന്താണോ അതിനായ് കാലം  നിയോഗിച്ചതാണ് ! സമ്പൂര്‍ണ്ണമായും മനോഹരമായും അത്  നിര്‍വ്വഹിച്ചു കഴിഞ്ഞ് അവര്‍ മടങ്ങിപ്പോകുന്നു !അത്ര മാത്രം ! അവര്‍ക്ക് അതല്ലാത്ത ഒന്നും-രാഷ്ട്രീയം ഉള്‍പ്പെടെ - അറിയുമായിരുന്നില്ല !അറിയേണ്ടതും ഇല്ല ! അത് എല്ലാവര്‍ക്കും സിദ്ധിക്കുന്ന ഒരു എക്സ്യൂസും അല്ല .  

നിലവിൽ ആളുകൾ എത്ര വട്ടമിളഞ്ഞ്‌ പ്രോൽസാഹിപ്പിച്ചാലും കള്ള നാണയങ്ങളെയും കേവലാനുകരണക്കാരെയും കാലം പുറംകാല്‍ കൊണ്ട് കുടഞ്ഞു കളയാതിരിക്കില്ല.ആ കാര്യം  ഉറപ്പാണ്‌. ചരിത്രം അത്‌ കൃത്യമായി സാക്ഷ്യപ്പെടുത്തുന്നുണ്ട്‌.അതിനാൽ, പുറം ലോകത്തെ ഒരുരാഷ്ട്രീയ  സംഭവവും  അറിയാന്‍ ശ്രമിക്കാതെ,അല്ലെങ്കിൽ അതിൽ അതീവ ലാഘവ ബുദ്ധിയോടെ പെരുമാറുന്ന ,എന്നാല്‍ എല്ലാ ഇലയനക്കങ്ങളും കൃത്യമായി അകത്ത് ഇരുന്ന് കൊണ്ട് അറിയുന്ന,ഒരക്ഷരവും പുറത്തേക്ക് ഉരിയാടുന്നില്ലെങ്കിലും സ്വകാര്യ സംഭാഷണ സന്ദർഭങ്ങളിൽ   കൃത്യം പക്ഷം പിടിച്ചു വാചാലരാകുന്ന,   'കാലത്തിന്‍റെ  നിയമന ഉത്തരവ്' ഇല്ലാഞ്ഞിട്ടും വരും തലമുറകളുടെ   ''ലജന്റുകള്‍ '' ആവാന്‍ നടക്കുന്ന ആരെങ്കിലും അന്തരീക്ഷത്തില്‍ ഉണ്ടെങ്കില് അവർ  അറിയുക;അതിന്റെ അത്യാവശ്യം ഇല്ല എന്ന്! 

.ഇഷ്ടം പോലെ  ഇതിഹാസങ്ങൾ ഇപ്പോൾത്തന്നെ ചരിത്രത്തിലുണ്ട് .അവരെക്കുറിച്ച് തന്നെ മുഴുവനായും ഇവിടെ പഠിച്ചു  കഴിഞ്ഞിട്ടില്ല. 


ഇപ്പോള്‍ ഉള്ളതില്‍ നിന്ന് പ്രത്യേകിച്ചു  ഒരു മാറ്റവും സംഭവിക്കുകയില്ല എന്നുറപ്പാണെങ്കില്‍ 'കേരളത്തിലെ  പാട്ടുകള്‍ ' വര്‍ഷത്തിലൊരിക്കല്‍ ഒരു ദിവസത്തേക്ക് മാത്രമായി  പാതാളത്തില്‍ നിന്നും പൊന്തി വരുന്ന ഒരു ആചാരം മാത്രം ആയിത്തീരുന്നതായിരിക്കും  കുറേക്കൂടി നല്ലത് .അത്ര മേല്‍ വര്‍ദ്ധിച്ചിരിക്കുന്നു അതിന്‍റെ പ്രതി ദിന അനുകരണവാജ്ഞ! വൈകി ഉദിച്ച അപൂർവ്വം ചില പൊളിറ്റിക്കൽ ഗാനങ്ങളാണു ഇതിനൊരപവാദം! എല്ലാം പിന്നീട്‌ വിശദീകരിക്കാം.


ഓടുന്ന സിനിമയോടൊപ്പം  പാട്ടുകളും ജനപ്രിയം  ആകുന്നത് നല്ല കാര്യമാണെങ്കിലും അതിനായി 'ഹിറ്റുകൾ മെനയുന്നത്‌'  ഒരു തഞ്ചം ആക്കിക്കൂട.പാട്ട് ഒരേ സമയം  ഒരു സ്വതന്ത്ര ആഖ്യാനം കൂടി ആകണം! ലക്ഷണം നന്നെന്നു കരുതി പുലരും വരെ കക്കരുതെന്ന് പണ്ടുള്ളവര്‍ പറയുന്നത് വളരെ  ശരിയാണ് ! 

സ്വയം ഉള്‍പ്പെടുത്തിക്കൊണ്ട് പറയട്ടെ കേരളത്തിലെ  സംഗീതജ്ഞര്‍ ഏതാണ്ട് മുഴുവനും  ഒരു നിലയില്‍ അല്ലെങ്കില്‍  വേറൊരു നിലയില്‍ സമ്പൂര്‍ണ്ണ അനുകര്‍ത്താക്കളായിക്കൊണ്ടിരിക്കുകയാണ്‌ .മുന്നില്‍ നടക്കാനുള്ള പ്രതിഭ ഉണ്ടായിട്ടും ! അത് കൊണ്ട് 'റഹ്‌മാൻ യുഗാനന്തര സംഗീതം' എങ്ങനെയായിരിക്കും ഇന്ത്യയിൽ /കേരളത്തിൽ എന്ന് ഉറ്റു നോക്കിക്കൊണ്ടിരിക്കുകയാണ് എം എസ് വി യെക്കുറിച്ചുള്ള ചിന്തയിലൂടെ ; ഒരു സംഗീതാസ്വാദകൻ ! ഭൂമി ഉരുണ്ടതായത്‌ കൊണ്ട്‌ വേരുകളിലേക്ക്‌‌ അവ തിരിച്ച്‌ യാത്ര ചെയ്യുമോ അതോ ചില്ലകളിൽ നിന്നും വശങ്ങളിലേക്ക്‌‌ പൊട്ടി വിടരുമോ? അറിയാൻ ഒരാകാംക്ഷ! ഒരു ജിജ്ഞാസ! 


എല്ലാവരോടും സ്നേഹം....

 
 
 

Comments


bottom of page