top of page
Search

ജാസ്‌ മ്യൂസിക്കും സൂഫി സംഗീതവും തമ്മിൽ

  • Writer: Shahabaz Aman
    Shahabaz Aman
  • Aug 16, 2020
  • 3 min read


ree

നേരത്തേതന്നെ ചിന്തിക്കുന്ന ഒരു കാര്യമാണെങ്കിലും കോഴിക്കോട്‌ കോർപ്പറേഷൻ പരിധിയിലുള്ള ഞങ്ങളുടെ വാർഡ്‌ കണ്ടൈൻമന്റ്‌ സോണിൽ വരാൻ ഇടയാവുകയും മെയിൻ റോഡുകളിലേക്ക്‌ കയറ്റിറക്കങ്ങളോടെ തുറക്കുന്ന വഴികളെല്ലാം x രൂപത്തിൽ പട്ടിക വെച്ചടിച്ച്‌ ബന്ധവസ്സാക്കുകയും ചെയ്തപ്പോഴാണു ഈ ലോക്ഡൗൺ കാലയളവിലുടനീളം കേട്ട്‌ കൊണ്ടിരുന്ന ജാസ്‌ മ്യൂസിക്കിനെ പൊടുന്നനേ വേറൊരു നിലയിൽ‌ അനുഭവിക്കാൻ കൂടുതൽ നിർബന്ധിതമായത്‌‌.


സോണി റോളിൻസിന്റെ 'ഗോഡ്‌ ബ്ലെസ്‌ ദ ചൈൽഡൊ'ക്കെ തുറസിന്റെ സ്വാതന്ത്യത്തിൽ പറക്കുകയായിരുന്ന ഒരു കുതിരയാണെന്ന് ദൂരെ നിന്നും കരുതിയേടത്ത്‌ നിന്ന് കടുത്ത അപകർഷത്തിൽ നിന്നും "സാരമില്ല" യിലേക്ക്‌ പതുക്കെ ഇഴയുന്ന ഒരു ഒച്ചാണെന്ന് അടുത്ത്‌ ചെന്ന് മനസ്സിലാക്കുന്നത്‌‌! ഒച്ചിന്റേത്‌ ദയനീയ അവസ്ഥയാണെന്നല്ല പറയുന്നത്‌‌! സർ റിയലിസത്തോടു പ്രത്യേകിച്ചും ചിത്രകാരോട്‌ പൊതുവിൽ തന്നെയും കുറച്ച്‌ പുഛ്ഭാവ്‌ ഉണ്ടായിരുന്ന ഫ്രോയിഡിനു ദാലി പണി കൊടുത്തത്‌ പാലുംവെള്ളത്തിലല്ല ഒച്ചിലായിരുന്നു.ദാലി,തന്നെ, വരച്ചതിൽ ആകെ മൊത്തം ഒരു ഒച്ചിനെയാണു ഫ്രോയിഡിനു ദർശ്ശിക്കാൻ കഴിഞ്ഞത്‌.

വലിയ ബുദ്ധിജീവി ചമയണ്ട നീ മനസ്സിൽ കാണുമ്പോഴേക്കും ഞാൻ മാനത്ത്‌ കാണും എന്ന ആ പരിഹാസം ആൾക്ക്‌‌ ഇഷ്ടപ്പെടുകയും ഞങ്ങളോട്‌ കളിക്കാൻ ആരുണ്ടെന്ന് ദാലിയുടെ തോളിൽ കയ്യിടുകയുമാണുണ്ടായത്‌ എന്ന് ചരിത്രം പറയുന്നു! ആർക്കറിയാം സത്യമാണോ ഒച്ചിനെപ്പറ്റി പറഞ്ഞപ്പോൾ..


പക്ഷേ ഇവിടെ ആ ഒച്ച്‌ ഒരു സാക്സഫോണിലൂടെ 40 കിമി വേഗത്തിൽ പതുക്കെ മുന്നിലേക്ക്‌ ഇഴയുമ്പോൾ നമ്മൾ 120 കിലോമീറ്റർ സ്പീഡിൽ പിന്നിലേക്ക്‌ പോകുന്നു!

ജിമ്മി സ്മിത്തിന്റെ മിഡ്നൈറ്റ്‌ സ്പെഷ്യലിലും ഇത്‌ തന്നെയാണു സംഭവിക്കുന്നത്‌! യാര എന്ന പെൺകുട്ടി ഒരു സൈക്കഡലിക്‌ റാംബിലൂടെ നടന്ന് വന്ന് പകുതിയിൽ നിന്ന് ഒന്ന് മൂരി നിവർന്ന് ‌ഒരു മഴവില്ലിനുള്ളിലേക്ക്‌ ഊളിയിടുകയാണു എന്ന് വിചേരിച്ചേടത്ത്‌ നിന്ന് സ്ഥിതി മാറുകയും ആരാലും നോക്കാനില്ലാത്ത ഒരുവൾ നടന്ന് നടന്ന് എവിടെയും എത്താതെ തളന്ന് വീണു ആരാലും കാണാനില്ലാതെ മരിച്ചുകിടക്കുന്നതായി , അടുത്ത്‌ ചെന്ന് മനസ്സിലാക്കേണ്ടി വരുന്നു!


ജാസ്‌ മ്യൂസിക്കിന്റെ ചരിത്രത്തിലേക്ക്‌ നോക്കിയാൽ അമേരിക്കയുടെ‌ 'ചരിത്രം ' കാണാൻ പറ്റും! പലയിടങ്ങളിൽ നിന്ന് വന്നടിഞ്ഞവരുടെ ചരിത്രം! കയ്യൂക്കുള്ളവർ കാര്യക്കാരായതിന്റെ ചരിത്രം!കറുത്ത മനുഷ്യരുടെ അടിസ്ഥാനദുഖം പബ്ബുകളിലെ ഡ്രംകിറ്റിന്റെ സ്നെയറിൽ നിന്നും കൊളുത്തപ്പെട്ട തീയിൽ നിന്ന് പതുക്കെ പിയാനോയിലേക്ക്‌ പടർന്ന് അവിടെ നിന്നും ക്രൊമാറ്റിക്‌ നോട്ടുകൾക്കിടയിലൂടെ ബെയ്സ്‌ ഗിറ്റാറിനു പിടിച്ച്‌ അവിടുന്ന് മെല്ലെ ‌പുകഞ്ഞ്‌ പുറത്തേക്ക്‌ ആളുന്നത്‌ കാണാം!ചിലപ്പോൾ മനുഷ്യരുടെ ചങ്കിലൂടെ പുറത്തേക്ക്‌ ഒരു തീനാളം!


‌ സ്പൈനൽ കോഡും മുട്ടെല്ലും നെക്കും ഒരു മെഷീനിലേക്ക്‌ ഇടാൻ എന്ന വണ്ണം ചിട്ടക്ക്‌ അടുപ്പിച്ച്‌ വെച്ച്‌ മുന്നിൽ നിവർത്തിയ നൊട്ടേഷൻ ഗ്രന്ഥം നോക്കി അച്ചടക്കപൂർവ്വം വായിക്കുന്ന സായിപ്പിന്റെ സുവിശേഷമല്ല കറുത്തവരുടെ ജാസ്! ജാസിൽ നിയമലംഘനമാണു നിയമം‌! തീർപ്പില്ലായ്മയാണു വിധി! അധികാരമുള്ളവരാൽ ബന്ധിക്കപ്പെട്ട അവസ്ഥയിൽ വേറൊന്നും ചെയ്യാനില്ലാതെ ഒരുറുമ്പിനെ സ്വന്തം മുറിവിലേക്ക്‌ എടുത്ത്‌ വെച്ച്‌ അതിനെ തലങ്ങും വിലങ്ങും നടക്കാൻ വിട്ട്‌ അതിന്റെ സഞ്ചാരപഥങ്ങളെ ദുഖപൂർണ്ണമായആനന്ദത്തോടെ സസൂക്ഷ്മം നിരീക്ഷിക്കുന്ന ഒരു ഒറ്റപ്പുതപ്പുകാരിയെ അല്ലെങ്കിൽ ഒരൊറ്റപ്പുതപ്പ്കാരനെ ജാസിൽ നിങ്ങൾക്ക്‌ കാണാം!


ഈ ഉറുമ്പക്കരിക്കലിന്റെ കാലടി ശബ്ദം സ്നെയറിന്റെ ഷെയ്ക്കറിൽ നിന്ന് കേൾക്കാൻ കഴിഞ്ഞപ്പോഴാണു 'ലോക്ക്ഡ്‌' എന്നത് (മനുഷ്യർ ഇഷ്ടത്തോടെ തെരഞ്ഞെടുക്കുന്നതല്ലെങ്കിൽ) എത്ര വലിയ ദുരവസ്ഥയാണെന്ന് മനസ്സിലാക്കാൻ കഴിയുക! ലയങ്ങളിൽ ജീവിച്ച സാധാരണ തൊഴിലാളികൾ(വാസ്തവത്തിൽ തൊഴിൽ പോലും അവർക്ക്‌ ആളാൻ കഴിയാറില്ലല്ലൊ.ആളുന്നത്‌ ഉള്ളിലെ ആധി മാത്രം) അങ്ങനേത്തന്നെ മണ്ണിനടിയിലേക്ക്‌ പോകുമ്പോൾ അത്‌ 'ലോക്ക്‌ ഡൗണി' ന്റെ അങ്ങേയറ്റമാണു! ജാസ്‌ മ്യൂസിക്‌ എങ്ങനെയാണു അധികാരി വർഗ്ഗത്തിന്റെ പുറന്തള്ളിനാൽ ഇടം ചുരുങ്ങിപ്പോയവർ (ആ ചുരുങ്ങിയ ഇടത്തിൽ നിന്നുകൊണ്ട്‌‌ )നടത്തുന്ന ഊടുവഴികളിലൂടെയുള്ള ഉൾസഞ്ചാരത്തിന്റെ ആവിഷ്കാരം ആയി മാറുന്നത്‌ എന്ന് പറഞ്ഞു വരികയായിരുന്നു!


ree

വേളിംഗ്‌ ഡാൻസിനെ എടുത്ത്‌ നോക്കിയാലും സൂഫിയാനാ കാഫികളുടെ ആലാപന ശൈലി പരിശോധിച്ചാലും ഈ ഉൾപ്പിരിവുകളെ നിങ്ങൾക്ക്‌ കണ്ടെത്താൻ പറ്റും!ഓട്ടോമൻ കുഴൽ വാദന( Ney) സംഗീതത്തെ നോക്കൂ. ഇരുന്നേടത്തിരുന്ന് കൊണ്ട്‌ ഭൂമി തുരന്ന് തുരന്ന് താഴേക്ക്‌ വിളംബിതമായി പിരിഞ്ഞ്‌ പിരിഞ്ഞ്‌‌ പോകും പോലെയാണത്‌! സൂഫി സംഗീതത്തിന്റെ ഏറ്റവും വലിയ മാതൃകകളിലൊന്നാണു ഗസീൽ എന്ന് പേരായ വൃത്താവർത്തനത്തിലുള്ള ഈ തേങ്ങൽ സംഗീതം ! യാത്രാ സഘം വഴിമധ്യേ അനിശ്ചിത ഇടവേളകളിൽ‌ ആത്മപ്പുനരുദ്പാദനാർത്ഥം (സിസ്റ്റം റീസ്റ്റാർട്ട്‌‌ ചെയ്യൽ) വട്ടത്തിലിരുന്ന് ബോധപൂർവ്വമായി തേങ്ങൽ വരുത്തുന്ന പ്രകൃയയെയാണു ഗസീൽ ചെയ്യുക എന്ന് പറയുന്നത്‌! നേ വാദനത്തിന്റെയും ഖുർആൻ പാരായണങ്ങളുടെയുമൊക്കെ സംഗീതാടിത്തറകൾക്ക്‌ ഗസീലുമായുള്ള ബന്ധം സുവിധിതമാണു! അതിലേക്ക്‌ നമുക്ക്‌ പിന്നീടൊരിക്കൽ കടക്കാം.


പറഞ്ഞ്‌ വന്നത്‌ ഇതാണു!

അടിച്ചമർത്തപ്പെടുമ്പോൾ ഇടം ചുരുങ്ങുന്നതിനാലോ അല്ലെങ്കിൽ സ്വയം ഒന്നുമല്ലെന്നറിയുന്നതിന്റെ തത്വചിന്താപരമായ ചുളുങ്ങലിനാലോ, രണ്ടായാലും ശരി,ആ ഇട്ടാവട്ടത്തിരുന്ന് തേങ്ങുന്നതിന്റെയോ, അല്ലെങ്കിൽ അതേയുള്ളു സ്ഥലം എന്നറിഞ്ഞ്‌ അവിടെയിരുന്ന് അർമ്മാദിക്കുന്നതിന്റെയോ രണ്ട്‌ തലങ്ങളെക്കുറിച്ചാണു‌! രണ്ടും പൊളിറ്റിക്കലി ആയാലും ദാർശ്ശനികമായി നോക്കിയാലും സൂഫി സംഗീതത്തിന്റെ രണ്ട്‌ വകഭേദങ്ങൾ തന്നെ! സൂക്ഷമശ്രദ്ധയാണു ഒന്നിൽ ആധാരം.ആന പോകുന്നതല്ല, കടുക്‌ വീഴുന്നതറിയുന്ന സെൻസിറ്റീവിറ്റി‌! മറ്റേത്‌ തിരിച്ചും.അതായത്‌ ഞാൻ നിന്റെ ദീവാനിയാണു.എനിക്കൊന്നുമറിയില്ല.ഞാനൊന്നിലും ശ്രദ്ധാലുവല്ല.എല്ലാം നിന്നിൽ അർപ്പിച്ചിരിക്കുകയാണു.വരുന്നത്‌ വരട്ടെ എന്ന സ്ഥലമാണു! രണ്ടും ഫലത്തിൽ അധികാരം കയ്യിൽ ഇല്ലാത്ത നിസ്സഹയാമായ സ്ഥലമാണു! ബ്ലൂസിൽ അത്‌ കൃത്യമായി പൊളിറ്റിക്കലും ഖവാലിയിലാവട്ടെ ദാർശ്ശനികവുമാണെന്ന് കാണാം! തൊലി കറുത്തതായത്‌ ഒരു തെരഞ്ഞെടുപ്പല്ല! അതിന്റെ പേരിൽ അനുഭവിക്കേണ്ടി വരുന്ന ദുഖങ്ങളും! കൂടുവിട്ട്‌ കൂടുമാറാവുന്ന മറ്റുള്ള വിശ്വാസജീവിതങ്ങൾ പോലെയല്ല അത്‌! കറുത്തവരുടെ ബ്ലൂസും ജാസും അതിന്റെ സാന്ദ്രത കൊണ്ട്‌ ഇത്ര മേൽ ഘനീഭവിച്ച്‌ പോയതും അത്കൊണ്ടാവണം‌!


ഇന്നിപ്പോൾ ബ്ലൂസും ജാസുമൊക്കെ വെറും ടെക്നിക്കലായും അക്കാഡമിക്കലായും എടുത്ത്‌ അധീശ- മധ്യവർഗ്ഗങ്ങൾ തട്ടിക്കളിക്കുന്നുണ്ട്‌! കേൾക്കാൻ നല്ല രസമാണു! നല്ലത്‌. പക്ഷേ മരിച്ചുപോയ ഉപ്പപ്പാന്റെ വളഞ്ഞ വടിയെടുത്ത്,ഇന്ന്,‌ പ്രച്ചന്നവേഷ മൽസരത്തിൽ പങ്കെടുത്ത്‌ നമ്മൾ കയ്യടി വാങ്ങുമ്പോൾ ആ വടി പണ്ട്‌ ഇരുട്ടിൽ തപ്പുന്ന കാലത്ത്‌ വഴിനടക്കാനും പേടിക്കും ആത്മരക്ഷാർത്ഥത്താലും അവർ ഉപയോഗിച്ചതാണെന്ന ചരിത്രബോധം ഉണ്ടായിരിക്കുന്നത്‌ നല്ലതാണു!ഇനിയിപ്പോൾ ഫാസിസ്റ്റ്‌ഫറോവയിൽ നിന്ന് രക്ഷപ്പെടാൻ മൂസാനബി കടലിലടിച്ച വടിയാണതെന്ന് വിചാരിച്ചാലും റൊമാന്റിക്കലി പൊളിറ്റിക്കൽ തന്നെ!സൂഫിയാനാ കലാമുകൾക്കാധാരം അത്തരം ബിംബകൽപനകൾ തന്നെയാണല്ലൊ ! "നീ" "അത്‌" എന്നിങ്ങനെ ശൂന്യത്തിന്റെ ഉണ്മയോടുള്ള പ്രണയം! തന്നെത്തന്നെ ഒരു കാലിവീപ്പയാക്കി അതിൽ നിറക്കുന്നു വിശ്വപ്രേമത്തിന്റെ തേൻ! അതിൽ നിന്ന് നൽകുന്നു..അതിൽ നിന്ന് തന്നെ കുടിക്കുന്നു...കറുത്തവർ സ്വന്തം ദുഖസ്ഥിതിയെ ആടിപ്പാടിത്തോൽപ്പിക്കുന്നു ബ്ലൂസിൽ ! വേദനയിലും വിധിയെ ആഘോഷിക്കുന്നു ജാസിൽ !


ഒന്നുറപ്പാണു! ബി.ബി കിങ്ങിനെയൊക്കെ (B B king) തക്ക നേരത്ത്‌ ഒന്ന് കേട്ട്‌ നോക്കൂ...സ്വയം ജന്യൂവിനാണെന്നാശ്വസിക്കുവാൻ സ്വന്തം ശരീരത്തിൽ ഒരു കാക്കാപ്പുള്ളിയെങ്കിലും തിരയാതിരിക്കില്ല!


അതെ ജാസും ബ്ലൂസും ശരിയായ സൂഫി സംഗീതങ്ങൾ തന്നെ. കറുത്തവനും അടിമയുമായിരുന്ന ബിലാലിന്റെ ബാങ്കിൽ നിന്നും ജാസ്മ്യൂസിക്കിലേക്ക്‌ കൃത്യമായ സൂഫിറൂട്ടുകളുണ്ടാവാതെ തരമില്ല! സംഗീത പഠിതാക്കൾ ഒരിക്കൽ അത്‌ കണ്ടെത്തുകതന്നെ ചെയ്യും!


വിനയപൂർവ്വം ഒരു തോന്നൽ പങ്ക്‌ വെച്ചതാണു.ഇപ്പോൾ പൂർണ്ണമല്ല.(തുടരും)

ഏകപക്ഷീയ സംപ്രേഷണവുമല്ല.ബ്ലാക്‌ മ്യൂസിക്‌, ജാസ്‌ ,ബ്ലൂസ്‌ മ്യൂസിക്‌ എന്നിവയിൽ നല്ല അറിവുള്ളവരിൽനിന്ന് സീരിയസായിട്ടുള്ള കൂട്ടിച്ചേർക്കലോ സ്നേഹപൂർണവും വിമർശ്ശനപൂർവ്വവുമായ തട്ടിക്കൊഴിക്കലോ പ്രതീക്ഷിച്ചു കൊണ്ട്‌ തന്നെയാണു.



എല്ലാവരോടും സ്നേഹം...

 
 
 

Comments


bottom of page