ഫുട്ബോള്‍ പോലെ വേറെ എന്തുണ്ട് ഭൂമിയില്‍ ?
- Shahabaz Aman

- Jun 30, 2020
- 1 min read
Updated: Jul 5, 2020

ഫുട്ബോള്‍ പോലെ വിശാലമായ ഏതു മതമുണ്ട് ഭൂമിയില്‍ ?
ട്രമ്പിനെ വെറുത്തും ഡെംസിയെ കൊള്ളാവുന്നത്?ഹിറ്റ്ലറെ തട്ടി മുള്ളറെ എടുക്കാവുന്നത്?
ബ്രിട്ടനെ തള്ളി ബെക്കാമിനെ സ്വീകരിക്കാവുന്നത് ?
ഇന്ത്യയില്ലെങ്കില്‍ ആവട്ടെ ക്രൊയേഷ്യ എന്ന് വെക്കാവുന്നത് ?തോറ്റാലെന്ത്,പോരുതിയല്ലേ എന്ന് മടങ്ങാവുന്നത്?
കളിയാവുമ്പോള്‍ തട്ടിയും മുട്ടിയുമിരിക്കും എന്നാശ്വസിക്കാവുന്നത് ?
സഡന്‍ ഡെത്തിലും ജീവന്‍ തിരിച്ചു കിട്ടുന്നത് ?
കയ്യൂക്കില്‍ കാര്യമില്ലാത്തത്?
പിന്നിലേക്കും കുതിക്കാവുന്നത്?
കാല്‍പ്പന്തു പോലെ മറ്റേതൊരു വിശുദ്ധ ഗ്രന്ഥമുണ്ട് ഭൂമിയില്‍ ?
ഉള്ളു പൊള്ളയായിട്ടുതന്നെയിരിക്കേണ്ടത് ?
ആർക്കും തട്ടിക്കളിക്കാവുന്നത്?
വീണിടത്ത് തന്നെ കിടന്നുരുളാത്തത്?ഒരുകൂട്ടർക്കു മാത്രമായി
കൈവശം വെക്കാനരുതാത്തത് ?
എതിരാളിക്ക് എപ്പൊ വേണമെങ്കിലും എടുക്കാവുന്നത് ?
സകലരും ഉറ്റു നോക്കുന്നത് ?
ഡ്രിബ്ലിംഗ് പോലെ സുന്ദരമായ ഏതു ഭാഷയുണ്ട് ഭൂമിയില്‍ ?
ഓരോ കുനുപ്പും കവിതയാകുന്നത് ?
ക്ലാസ്സിക് പദവി പണ്ടേയുള്ളത് ?
ഭാവന വറ്റാത്തത്?
അത്രമേല്‍ മൗനം മുഴങ്ങുന്നത് ?
അത്രക്കും കടലിരമ്പുന്നത് ?
മണിച്ച് മണിച്ച് എടുക്കാവുന്നത് ?
ഫുട്ബോൾ പോലെ ഏതു കഥ,നോവൽ,സിനിമ?
ഓരോ ഇഞ്ചിലും ഇങ്ങനെ ജിഞ്ജാസ മുറ്റുന്നത്? എത്രമേൽ ലളിതമാമത്രമേൽ ഗഹനമായത്?

ഫുട്ബോൾ പോലെയേതു വിശ്വാസം?
മുൻ ദൈവം എന്നൊന്നുള്ളത്?
ചെകുത്താനടക്കം റിട്ടയർമെന്റുള്ളത്?
യുക്തിക്കോ അയുക്തിക്കോ വഴങ്ങാത്തത്?
പണ്ടേ ഉള്ളതായിട്ടും പഴഞ്ചനാവാത്തത് ?
പൗരോഹിത്യമേ ഇല്ലാത്തത്?
ഫുട്ബോള്‍ പോലെ ഏതു യോഗമുണ്ട് ഭൂമിയില്‍ ?
അധ്യക്ഷന്‍ ഒളിഞ്ഞിരിക്കുന്നത് ?
ഒരൊറ്റ വിസിലില്‍ ഓടിക്കൂടുന്നത് ?
നിയമം ലളിതമായത് ?
ഓരോരുത്തര്‍ക്കും ഇടപെടാവുന്നത് ?
സമാസമത്തിലും പിരിയാവുന്നത് ?
ഫുട്ബോൾ ഗാലറി പോലെ ഏത് പൊതുസ്ഥലമുണ്ട് വേറെ?
കറുത്തവരെന്നോ വെളുത്തവരെന്നോ ഇല്ലാത്തത്?
ആണെന്നോ പെണ്ണെന്നോ നോക്കാത്തത്?
എല്ലാവരുടേയും ആഘോഷത്തെ ഉൾക്കൊള്ളുന്നത്?
എല്ലാ വികാരങ്ങളും പ്രത്യക്ഷമാകുന്നത്?
നിശബ്ദത പോലും പ്രതികരണമാകുന്നത്?
ഫുട്ബോൾ പോലെ മറ്റേതു തെരുവിടം?
ആൺകൂട്ടം പരക്കം പാഞ്ഞാലും ഒറ്റ പെൺകുട്ടിയും ഉപദ്രവിക്കപ്പെടാത്തത്?
എന്തിനിങ്ങനെ എണ്ണിപ്പറയുന്നു....
ഫുട്ബോള്‍ പോലെ വേറെ എന്തുണ്ട് ഭൂമിയില്‍ ?
ഭൂമി തന്നെ ഫുട്ബോള്‍ പോലെയല്ലേ ?
എല്ലാവരോടും സ്നേഹം...
ഇമേജ്: ഞങ്ങൾ കളിച്ചുവളർന്ന മലപ്പുറം കോട്ടപ്പടി മൈതാനം/360 panopics hyderali




Comments